Thursday, August 30, 2007

സൂം ഇന്ത്യ-ഇന്ത്യയിലെ ആദ്യഫോണ്‍ മാഗസീന്‍



എഡിറ്റര്‍ & അവതരണം: പി.ആര്‍. ഹരികുമാര്‍

നമ്മുടെ നിത്യജീവിതത്തിന്‍ടെ ഭാഗമായി മാറിക്കഴിഞ്ഞ മൊബൈല്‍ ഫോണിനെ ഒരു സാംസ്ക്കാരിക ഉപകരണമായി മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. മൊബൈല്‍ രാമായണം, മൊബൈല്‍ തിരുക്കുറള്‍, ഫോണ്‍ നോവല്‍, പോക്കറ്റ്‌ ഫിലിം എന്നിവ പോലെ സൂം ഇന്ത്യ എന്ന ഈ ഫോണ്‍ മാഗസീനും ഭാരതീയസന്ദര്‍ഭത്തില്‍ പുതിയൊരു അനുഭവമായിരിക്കും. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്‍ടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ പുറത്തിങ്ങുന്ന ഈ മാഗസീന്‍ടെ ആദ്യലക്കം സമര്‍പ്പിച്ചിരിക്കുന്നതും അറുപതിലെത്തിയ ഇന്ത്യയ്ക്കാണ്‌.


മനുഷ്യന്‍ടെ സര്‍ഗാത്മകതയെ ഏറ്റവും പ്രചോദിപ്പിച്ച മാനവികമൂല്യം സ്വാതന്ത്യമാണെന്ന്‌ നമുക്ക്‌ അറിയാം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്യസമരം ലോകചരിത്രത്തില്‍ തന്നെ ഒരപൂര്‍വതയാണ്‌. അതുകൊണ്ടു തന്നെ സ്വാതന്ത്യദിനപ്പതിപ്പായ ആദ്യലക്കം ലോകമെങ്ങുമുള്ള സ്വാതന്ത്യ്രസമരപോരാളികള്‍ക്കുള്ള ഒരു സ്മരണാഞ്ജലിയായി കൂടി പരിഗണിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങ്‌ ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, കെന്‍ സരോ വിവ, ഓങ്ങ്‌ സാന്‍ സൂ കീ എന്നീ സ്വാതന്ത്യ്രപോരാളികളെ കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവഴി മഹാത്മാഗാന്ധിയും ഭാരതചരിത്രത്തിലെ തേജോജ്വലമായ ഒരു ഘട്ടവും നവയുഗമാധ്യമമായ മൊബൈലില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്‌. സ്വാതന്ത്യ്രസമരസന്ദര്‍ഭങ്ങള്‍ കാട്ടുന്ന ധാരാളം ചിത്രങ്ങളും അടങ്ങുന്ന ഈ ലക്കത്തില്‍ സമകാലികവാര്‍ത്തകള്‍, മൊബൈല്‍ ടെക്നോളജി, പുസ്തകദൃശ്യം, മൊബൈല്‍ ഉപകരണങ്ങളുടെ പരിചയം എന്നീ വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.


വര്‍ഷത്തില്‍ രണ്ടു വീതം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മാസികയുടെ ഓരോ ലക്കവും ഓരോ ജാര്‍ ഫയലായി നെറ്റില്‍ നിന്ന്‌ ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. ഈ ലക്കത്തിണ്റ്റെ വലിപ്പം 450 കെ.ബി ആണ്‌.www.prharikumar.net/ എന്ന എന്‍ടെ വെബ്സൈറ്റില്‍ നിന്ന്‌ സൌജന്യമായി ഇത്‌ ഇന്നു മുതല്‍ ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. ഈ ഫോണ്‍ മാഗസീന്‍ ഇംഗ്ളീഷിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്ത്യയെ ഒന്നാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുള്ള ഇംഗ്ളീഷ്‌ ഭാഷ ആഗോളീകരണത്തിണ്റ്റെ സാഹചര്യത്തില്‍ അതിണ്റ്റെ സ്ഥാനം കൂടുതല്‍ ദൃഢമാക്കിയിരിക്കുന്നു. കൂടുതല്‍ വായനക്കാരെ പ്രതീക്ഷിച്ചുകൊണ്ടും ഇന്ത്യയിലാകെയുള്ള യുവാക്കളിലേക്ക്‌ (മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ ഏറിയപങ്കും യുവാക്കളാണ്‌.) സ്വാതന്ത്യ്രസ്മരണകള്‍ എത്തിക്കാനുമാണ്‌ ഇംഗ്ളീഷില്‍ ഫോണ്‍ മാഗസീന്‍ തയ്യാറാക്കിയിട്ടുള്ളത്‌. മലയാളത്തിലും ഇതുപോലൊരു മാഗസീന്‍ താമസിയാതെ പുറത്തിറക്കണമെന്ന്‌ ആഗ്രഹിക്കുന്നു.


സൂംഇന്ത്യ ഇന്ത്യയില്‍ നിന്ന്‌ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ്‌. ഇന്‍ടെര്‍നെറ്റില്‍ നിരന്തരം അന്വേഷിച്ചെങ്കിലും മൊബൈലിലേക്ക്‌ കൈമാറാവുന്ന ഒരു ഫോണ്‍ മാഗസീന്‍ ലോകത്തൊരിടത്ത്‌ നിന്നും കണ്ടുകിട്ടിയില്ല. ഫോണ്‍മാഗ്‌, ഫോണ്‍ മാഗസീന്‍ എന്നീ പേരുകളില്‍ ചില വെബ്സൈറ്റുകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. ഇപ്പോള്‍ ഏജഞ്ഞട സൌകര്യമുള്ള ഫോണുകളില്‍ ലഭ്യമാകുന്ന 'Mobizine' എന്നത്‌ വാര്‍ത്തകള്‍ പുതുക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആണ്‌. ഫോണ്‍ മാഗസീന്‍ യഥാര്‍ഥത്തില്‍ ഉള്ളടക്കം കൊണ്ട്‌ ഒരു മാഗസീനും രൂപം കൊണ്ട്‌ മൊബൈലില്‍ മാത്രം ഉപയോഗിക്കാവുന്ന സ്വതന്ത്രമായൊരു ഫയലുമാണ്‌. ഒറ്റയ്ക്കൊരു ഫയലായതുകൊണ്ടുതന്നെ പുസ്തകം പോലെ അത്‌ പരസ്പരം കൈമാറാവുന്നതുമാണ്‌. സൂംഇന്ത്യ അത്തരത്തിലുള്ള ഒരു ഫോണ്‍ മാഗസീന്‍ ആണ്‌.